ചൂടിൽ വെന്തുരുകി ബ്രിട്ടീഷ് കൊളംബിയ: ലൈറ്റനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

By: 600110 On: Jul 24, 2026, 2:13 PM

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ലൈറ്റനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. ബുധനാഴ്ച ലൈറ്റനിൽ താപനില 41.2 ഡിഗ്രി സെൽഷ്യസിലെത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതോടെ 2006-ൽ സ്ഥാപിച്ച പ്രതിദിന താപനിലയുടെ റെക്കോർഡ് തകരുകയും ചെയ്തു.

തുടർച്ചയായ രണ്ടാം ദിവസമാണ് ഫ്രേസർ കന്യോൻ മേഖലയിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ ഉയരുന്നത്. ലൈറ്റൺ ഉൾപ്പെടെ ബ്രിട്ടീഷ് കൊളംബിയയിലെ 12 പ്രദേശങ്ങളിലാണ് ബുധനാഴ്ച പുതിയ റെക്കോർഡ് ചൂട് കുറിക്കപ്പെട്ടത്. ഡങ്കൻ എന്ന പ്രദേശത്ത് 34.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്, 1928-ൽ (ഏകദേശം നൂറു വർഷങ്ങൾക്ക് മുമ്പ്) കുറിക്കപ്പെട്ട റെക്കോർഡാണ് മറികടന്നത്. കാട്ടുതീയിൽ വൻ നാശനഷ്ടം സംഭവിച്ച ലൈറ്റനിൽ 2021 ജൂണിൽ 49.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചരിത്രവുമുണ്ട്.

പ്രദേശത്ത് വീശിയടിച്ച ഉഷ്ണതരംഗത്തെ തുടർന്ന് തെക്കൻ പ്രവിശ്യകളിൽ വൻ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. വാൻകൂവർ ഉൾപ്പെടെയുള്ള ചില തീരദേശ മേഖലകളിൽ നിലവിൽ ഹീറ്റ് വാണിംഗ് പിൻവലിച്ചിട്ടുണ്ടെങ്കിലും ഒകനാഗൻ, കൂട്ടനെ തുടങ്ങിയ ഇരുപതിലധികം ഉൾനാടൻ മേഖലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഇപ്പോഴും തുടരുകയാണ്.